ഇന്ത്യയെന്ന അഴിമതി രാജ്യം ..
കടപ്പാട് മാതൃഭൂമി.കോം ( http://www.mathrubhumi.com/books/story.php?id=1283&cat_id=508)
ഇന്ത്യയിലെ പ്രധാന അഴിമതികള്‍
പ്രദീപ് താക്കൂര്‍ , പൂജ റാണ
Posted on:02 Nov 2011
സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ക്ക്, കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യ നിരവധി അഴിമതികള്‍ക്കു സാക്ഷിയായിട്ടുണ്ട്. 1950കള്‍ മുതല്‍ 1980കളുടെ അന്ത്യപാദംവരെ ഒരു മുഴുവന്‍ തലമുറയ്ക്കും സോഷ്യലിസ്റ്റ് പ്രേരിതമായ നയങ്ങള്‍ക്കു കീഴിലായിരുന്നു ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ. വിപുലമായ നിയന്ത്രണങ്ങള്‍ക്കും സംരക്ഷകത്വത്തിനും പൊതു ഉടമസ്ഥതയ്ക്കും വിധേയമാക്കപ്പെട്ട സമ്പദ്വ്യവസ്ഥ വ്യാപകമായ അഴിമതിയിലേക്കും മന്ദഗതിയിലുള്ള വളര്‍ച്ചയിലേക്കും നയിക്കപ്പെട്ടു. അഴിമതിയുടെ കേന്ദ്രസ്ഥാനത്ത് ലൈസന്‍സ് രാജ് പതിവായി.
ഒരു സര്‍ക്കാരാഫീസില്‍ എന്തെങ്കിലുമൊരു സംഗതി സാധിക്കണമെങ്കില്‍ കൈക്കൂലി നല്‍കുകയോ ന്യായവിരുദ്ധമാര്ഗത്തിലൂടെ സ്വാധീനിക്കുകയോ ചെയ്ത ആദ്യാനുഭവം ഇന്ത്യയിലെ 15 ശതമാനത്തിലേറെ ജനങ്ങള്ക്കുണ്ടായിട്ടുണ്ടെന്ന് ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍, 2005-ല്‍ ഇന്ത്യയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനാതിര്ത്തികള്ക്കിടയില് സാധാരണമായുള്ള നിത്യജീവിത വസ്തുതയാണ് നികുതിയും കൈക്കൂലിയും; ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണലിന്റെ കണക്കു പ്രകാരം ലോറിഡ്രൈവര്‍മാര്‍ ഒരു വര്‍ഷം 500 കോടി യു.എസ്. ഡോളര്‍ കൈക്കൂലിയായി നല്കുന്നുണ്ടത്രേ. 2010 ആയപ്പോള്‍ ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതിപ്രത്യക്ഷസൂചികയില് 178 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യയ്ക്ക് 87-ാം സ്ഥാനമുണ്ട്. 2010 ആയപ്പോഴേക്കും ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നിറഞ്ഞ ഗവണ്മെന്റുകളിലൊന്നായി ഇന്ത്യ; തെക്കെ ഏഷ്യയിലെ ഏറ്റവും കുറച്ച് അഴിമതിയുള്ള രാജ്യമാണ് ഇന്ത്യ എങ്കില്‍പോലും. (ഇന്ത്യയ്ക്ക് ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയിലെ അഴിമതിയുടെ ദുഷ്ടിനെ നേരിടുകയും ഭരണനിര്‍വഹണം മെച്ചപ്പെടുത്തുകയും വേണ്ടതുണ്ട് എന്ന് 2011 മാര്‍ച്ച് 18ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.)
കള്ളപ്പണത്തിന്റെ കാര്യത്തില്‍ ലോകത്ത് ഒന്നാംസ്ഥാനം ഇന്ത്യയ്ക്കാണുള്ളത്. സ്വിസ് ബാങ്കുകളിലെ ഏകദേശം 1456 ബില്യന്‍ യു.എസ്. ഡോളറും കള്ളപ്പണത്തിന്റെ രൂപത്തിലാണ്. 2006ലെ സ്വിസ് ബാങ്കിങ് അസോസിയേഷന് റിപ്പോര്‍ട്ടില്‍നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മറ്റു രാജ്യങ്ങളിലെല്ലാംകൂടിയുള്ളതിനെക്കാള്‍ കൂടുതല്‍ കള്ളപ്പണം ഇന്ത്യയുടേതാണ്. ഇന്ത്യയുടെ ദേശീയകടത്തിന്റെ 13 മടങ്ങു വരും ഇന്ത്യയുടെ സ്വിസ് ബാങ്കിലുള്ള ആസ്തി. ചിലപ്പോള്‍ ഇന്ത്യയുടെ കള്ളപ്പണം പുറത്തേക്കു കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകളില്‍നിന്നും സൂറിച്ചിലേക്കുള്ള 'സ്പെഷ്യല്‍ ഫ്ളൈറ്റുകളി'ല്‍ പണം വിദേശത്തേക്ക് ഒഴുകുന്നുണ്ടെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇക്വിറ്റി സ്ഥാപനത്തിന്റെ സി.ഇ.ഒ. ഈയിടെ പത്രലേഖകരോടു പറഞ്ഞു. ബാങ്കിങ് വ്യവസായരംഗത്തെ കേന്ദ്രങ്ങള്‍ നല്കുന്ന വിവരമനുസരിച്ച് സ്വിസ് ബാങ്കുകളിലെ അവിഹിത പണത്തിന്റെ ഏറ്റവും വലിയ നിക്ഷേപകര്‍ ഇന്ത്യക്കാരായിരിക്കുമെന്ന് തീര്‍ച്ച. 2002-2006 കാലത്ത് ഇന്ത്യയില്‍നിന്നും പ്രതിവര്‍ഷം ഒളിച്ചുകടത്തിയിരുന്ന ശരാശരി പണം 27.3 ബില്യന്‍ യു.എസ്. ഡോളറാണ് എന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയസംവിധാനത്തിലെ ക്രിമിനലൈസേഷന് ഗുരുതരമായ ഒരു പ്രശ്നമാണ്. (ഇന്ത്യയിലെ 540 പാര്‍ലമെന്റംഗങ്ങളില്‍ ഏതാണ്ട് നാലിലൊന്നു പേര് കുറ്റം ചുമത്തപ്പെട്ടിട്ടുള്ളവരാണ് എന്ന് 2008 ജൂലായിലെ ദി വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. 1948നും 2008നും ഇടയ്ക്കുള്ള കാലത്ത് 462 ബില്യന്‍ ഡോളര്‍ (20 ലക്ഷം കോടിയിലധികം രൂപ) ഇന്ത്യ പുറത്തേക്കൊഴുക്കിയിട്ടുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ടാണ് ഇന്ത്യയില്‍നിന്നുള്ള പണത്തിന്റെ അവിഹിത പലായനത്തെക്കുറിച്ച് അന്തര്‍ദേശീയതലത്തില്‍ നിയമവിരുദ്ധപ്രവൃത്തികള്‍ പ്രതിരോധിക്കാനുള്ള ഒരു സംഘം നടത്തിയ പഠനം (നിഗൂഢതയില്‍ ആണ്ടു മുങ്ങിയ ഒരു വിഷയത്തിലേക്ക് വെളിച്ചം ചൊരിയാനുള്ള ആദ്യ ശ്രമമായിരിക്കാം ഇത്) അവസാനിപ്പിക്കുന്നത്. ഈ തുക ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം 40 ശതമാനമാണ്.
സ്വതന്ത്രമായ റിപ്പോര്‍ട്ടുകള്‍, പ്രത്യേകിച്ചും എസ്. ഗുരുമൂര്‍ത്തി തയ്യാറാക്കി ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ 2011 ജനവരി 2നു പ്രസിദ്ധീകരിച്ചത്, ഈയിടെ കണക്കാക്കിയിട്ടുള്ളത് പാരമ്പര്യമായി ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയകുടുംബത്തിന്റെ മിച്ചം 42,345 കോടി രൂപയ്ക്കും (9.4 ബില്യന്‍ യു.എസ് ഡോളര്‍) 83,900 കോടി രൂപയ്ക്കും (18.63 ബില്യന്‍ യു.എസ് ഡോളര്‍) ഇടയ്ക്കാണെന്നാണ്. ഇതില്‍ ഏറിയ പങ്കും അവിഹിത പണത്തിന്റെ രൂപത്തിലാണ്.
രാജീവ്ഗാന്ധിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമായി ചെന്നിട്ടുള്ള പണത്തിന്റെ ഇടപാടുകള്‍ വിക്തോര്‍ ചെബ്രിക്കോവ് വഴിയായിരുന്നു എന്ന് കെ.ജി.ബി. രേഖകള്‍ സൂചിപ്പിച്ചുകൊണ്ട് ഹാര്‍വാഡ് പണ്ഡിതന് യെവ്ഗെനിയ ആല്ബാട്ട്സ് പറയുന്നു. 'രാജീവ്ഗാന്ധിയുടെ കുടുംബാംഗങ്ങള്‍ക്ക്, അതായത് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധിയുടെ മാതാവ് പാവൊല മെയ്നൊ എന്നിവര്‍ക്ക് അമേരിക്കന്‍ ഡോളറായി പണമയയ്ക്കുന്നതിന് അനുമതി തേടി 1985 ഡിസംബറില്‍ സി.പി.എസ്.യുവില്‍ നിന്ന് കെ.ജി.ബി. തലവന്‍ വിക്തോര്‍ ചെബ്രിക്കോവ് എഴുതി എന്നാണിതു കാണിക്കുന്നത്.
അമേരിക്കയിലെ രണ്ടാം ദണ്ഡിമാര്‍ച്ചിന്റെ സംഘാടകര്‍ പറയുന്നതിപ്രകാരമാണ്: 'സങ്കല്പാതീതമാംവണ്ണം വലിയ തുക പണം ഉള്‍പ്പെട്ടിട്ടുള്ള അടുത്തകാലത്തെ തട്ടിപ്പുകള്‍, 2 ജി സ്പെക്ട്രം അഴിമതി പോലുള്ളവ, എല്ലാവര്ക്കും അറിവുള്ളതാണ്. 80 ശതമാനം ഇന്ത്യക്കാരും പ്രതിദിനം 2 ഡോളറില്‍ താഴെ സമ്പാദിക്കുകയും ഓരോ രണ്ടാമത്തെ കുഞ്ഞും പോഷകാഹാരക്കുറവനുഭവിക്കുകയും ചെയ്യുമ്പോള്‍, വിദേശ താവളങ്ങളിലേക്ക് ലക്ഷം കോടിയിലധികം ഡോളര്‍ ഒഴുകുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ സത്യസന്ധരായവര്‍ ദരിദ്രരാണെന്നതുപോലെ തോന്നും; അവര്‍ വിദ്യാഭ്യാസം, നഗരങ്ങളിലേക്കുള്ള കുടിയേറ്റം, അന്യദേശവാസം എന്നിവയിലൂടെ തങ്ങളുടെ ദാരിദ്ര്യത്തില്‍നിന്നു മോചനം നേടാനാശിക്കുന്നു. അതേസമയം ഹസ്സന് അലിഖാനെപ്പോലുള്ള എല്ലാ അഴിമതി വീരന്മാരും തട്ടിപ്പിലൂടെയും കുറ്റകൃത്യങ്ങളിലൂടെയും സമ്പന്നരായിത്തീരുന്നു. ദരിദ്രജനങ്ങളെക്കൊണ്ടു നിറഞ്ഞ ഒരു സമ്പന്നരാജ്യമാണ് ഇന്ത്യ എന്നു തോന്നിപ്പോവുന്നു.'
നഗരവികസനം, ജലവിഭവം, ഊര്‍ജം എന്നീ മന്ത്രാലയങ്ങളുടെ അപര്യാപ്തമായ ആസൂത്രണത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, ഇന്ത്യാഗവണ്മെന്റ് 100,000 കോടി രൂപയുടെ (22.2 ബില്യന്‍ യു.എസ് ഡോളര്‍) ഉപയോഗിക്കാത്ത വിദേശസഹായത്തിന്റെ മേലാണ് ഇരിക്കുന്നതെന്ന് ഒരു കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) റിപ്പോര്‍ട്ട് പറയുന്നു. 2011 മാര്‍ച്ച് 18ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.എ.ജി. പറയുന്നു: '2010 മാര്‍ച്ച് 31 ആയപ്പോള്‍ ഏറ്റെടുത്ത വിദേശസഹായം ഉപയോഗിക്കാതെയുള്ളത് 1,05,339 കോടി രൂപയുടേതായിരുന്നു. യഥാര്‍ഥത്തില്‍ ബഹുകക്ഷികളുള്ളതും ഇരുകക്ഷികളുള്ളതുമായ വായ്പാ ഏജന്സികളംഗീകരിച്ച ധനസഹായം യഥാസമയം ഉപയോഗിക്കാതിരുന്നതിന്റെ പിഴയുടെ രൂപത്തില്‍ 2009-2010 കാലത്ത് നികുതിദായക പണത്തില്‍ നിന്നും കമ്മിറ്റ്മെന്റ് ചാര്‍ജായി 86.11 കോടി രൂപ (19.12 മില്യന്‍ ഡോളര്‍) ഇന്ത്യാ ഗവണ്മെന്റ് അടച്ചിരുന്നു.
1991നു ശേഷമുള്ള പ്രധാന അഴിമതികള്‍
2009 നവംബര്‍ 23നു പ്രസിദ്ധീകരിച്ച ഔട്ട്ലുക്ക് മാഗസിനില്‍ പറയുന്ന പ്രകാരം 1991ലെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തുറന്നു കൊടുക്കല്‍ രഹസ്യ പണത്തെ അത്യന്തം ഉയര്‍ന്ന നിലയിലേക്കെത്തിച്ചു. 1991 മുതലുള്ള സാമ്പത്തിക അഴിമതികളുടെ ഏകദേശ പട്ടിക ഔട്ട്ലുക്ക് തയ്യാറാക്കി അവതരിപ്പിച്ചിട്ടുള്ളത് സങ്കല്പിക്കാനാവാത്തത്ര വലിയ കൊള്ളമുതലിന്റെ കണക്കാണ്-73 ലക്ഷം കോടി രൂപ. അതില്‍ ഇപ്രകാരം കൊടുത്തിരിക്കുന്നു:
1992-ഹര്‍ഷദ്മേത്തയുടെ ഓഹരി അഴിമതി 5000 കോടി രൂപ.
1994-പഞ്ചസാര ഇറക്കുമതി അഴിമതി 650 കോടി രൂപ.
1995-പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്റ് അഴിമതി 5000 കോടി രൂപ; യുഗോസ്ലാവ് ദിനാര്‍ അഴിമതി 400 കോടി രൂപ; മേഘാലയ വനം അഴിമതി 300 കോടി രൂപ.
1996-വളം ഇറക്കുമതി അഴിമതി 1,300 കോടി രൂപ; യൂറിയ അഴിമതി 133 കോടി രൂപ; ബിഹാര്‍ കാലിത്തീറ്റ അഴിമതി 950 കോടി രൂപ.
1997-സുഖ്റാം ടെലികോം അഴിമതി 1500 കോടി രൂപ; എസ്.എന്‍.സി. ലാവ്ലിന് പവര്‍പ്രോജക്ട് 374 കോടി രൂപ; ബിഹാര്‍ ഭൂമി അപവാദം 400 കോടി രൂപ; സി.ആര്. ബന്‍സാലി സ്റ്റോക്ക് അപവാദം 1200 കോടി രൂപ.
1998-തേക്ക് തോട്ടം ധനാപഹരണം 8000 കോടി രൂപ.
2001-യു.ടി.ഐ. അപവാദം 4800 കോടി രൂപ; ദിനേഷ് ഡാല്‍മിയ സ്റ്റോക്ക് അപവാദം 595 കോടി രൂപ; കേതന് പരേഖ് ഓഹരി അപവാദം 1250 കോടി രൂപ.
2002-സഞ്ജയ് അഗര്‍വാള്‍ ഹോംട്രേഡ് അഴിമതി 600 കോടി രൂപ.
2003-തേല്‍ഗി മുദ്രപ്പത്ര കുംഭകോണം 172 കോടി രൂപ.
2005-ഐ.പി.ഒ.-ഡിമാറ്റ് അഴിമതി 146 കോടി രൂപ; ബിഹാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ അഴിമതി 17 കോടി രൂപ; സ്കോര്‍പീന്‍ മുങ്ങിക്കപ്പല്‍ അഴിമതി 18,978 കോടി രൂപ.
2006-പഞ്ചാബ് സിറ്റി സെന്റര്‍ പ്രോജക്ട് അഴിമതി 1500 കോടി രൂപ; ടാജ് ഇടനാഴി അഴിമതി 175 കോടി രൂപ.
2008-പുനെയിലെ കോടീശ്വരന് ഹസ്സന് അലിഖാന് നികുതി ക്രമക്കേട് 50,000 കോടി രൂപ; സത്യം അഴിമതി 10,000 കോടി രൂപ; ആര്‍മി റേഷന്‍ വെട്ടിപ്പ് 5000 കോടി രൂപ; സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര അഴിമതി 95 കോടി രൂപ; സ്വിസ് ബാങ്കുകളിലുള്ള അവിഹിത പണം 2008-ലെ കണക്കു പ്രകാരം 71,00,000 കോടി രൂപ.
2009-ജാര്‍ഖണ്ഡ് മെഡിക്കല്‍ ഉപകരണം അഴിമതി 130 കോടി രൂപ; അരി കയറ്റുമതി കുംഭകോണം 2,500 കോടി രൂപ; ഒറീസ ഖനി അഴിമതി 7000 കോടി രൂപ; മധു കോഡ മൈനിങ് തട്ടിപ്പ് 4000 കോടി രൂപ.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പരിഷ്കരണങ്ങള്‍ക്കായി വഴിയൊരുക്കിക്കൊണ്ട് തുറന്നുകൊടുത്ത 1991 മുതല്‍ സാമ്പത്തിക അഴിമതികളായി ആദര്‍ശം-ലൈസന്‍സ് രാജില്‍ നിന്നു മോചിപ്പിക്കാനും അഴിമതിക്കുള്ള സാധ്യത കുറയ്ക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു പരിഷ്കരണങ്ങള്‍. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രൊഫ. അരുണ്‍കുമാര്‍ മാഗസിനോടു സംസാരിക്കവേ പറയുന്നു: 'സാധാരണമായുള്ളവ അസാധാരണവും അസാധാരണമായ കാര്യങ്ങള്‍ സാധാരണവുമായിത്തീരുന്നു.' 1991നും 1996നുമിടയില്‍ ഉദാരവത്കരണത്തിനു തൊട്ടുപിറകെ 26 സംഭവങ്ങളാണുണ്ടായിരുന്നത്. ഇവയില്‍ 13 എണ്ണത്തില്‍ ഓരോന്നിലും ആയിരം കോടിയിലേറെ രൂപയുടെ അഴിമതിയായിരുന്നു. അതു മുതല്‍ പൂജ്യങ്ങളുടെ എണ്ണം മാത്രം വര്‍ധിച്ചു വന്ന്, അഴിമതിയുടെ തുകകള്‍ ജ്യോതിശ്ശാസ്ത്രസംഖ്യകളിലേക്കുയര്ന്നു. 2008ലെ സ്പെക്ട്രം അഴിമതിയുടെ തുക 60,000 കോടി രൂപയാണെന്നു പറയപ്പെടുന്നു. ഇങ്ങനെയൊരു നാട്ടിലാണ് നാമിന്നു ജീവിക്കുന്നത് എന്ന് അരുണ്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തരഉത്പാദനത്തിന്റെ 50 ശതമാനത്തോളം വരും ഇന്ത്യയിലെ കള്ളപ്പണ സമ്പദ്വ്യവസ്ഥയുടെ ഇന്നത്തെ വലിപ്പമെന്ന് കുമാര്‍ വിശ്വസിക്കുന്നു. അതായത് 26,60,876.5 കോടി രൂപ. എല്ലാമുള്‍പ്പെടെയുള്ള കണക്കായിരിക്കും ഇത്, തീര്‍ച്ച. തന്റെ വരുമാനത്തിനു നികുതിയടയ്ക്കാത്ത ആളെയോ, സ്കൂളില്‍നിന്നു മടങ്ങിയെത്തിയാല്‍ ട്യൂഷനെടുക്കുന്ന അധ്യാപകനെയോപോലും ഇതു കണക്കിലെടുത്തിട്ടില്ല. അരുണ്‍കുമാറിന്റെ അഭിപ്രായത്തില്‍ അമ്പതുകളില്‍ ഈ സമ്പദ്വ്യവസ്ഥ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചു ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിരോധാഭാസമെന്ന് പറയാം, എങ്ങനെയും ബിസിനസും, വികസനവും പ്രോത്സാഹിപ്പിക്കാനുള്ള ആവേശമാണ് അഴിമതിയെ ഇത്രത്തോളം വളര്‍ത്തിയത്.
സാമ്പത്തികകാര്യ വകുപ്പിലെ മുന്‍ സെക്രട്ടറി ഇ.എ.എസ്. ശര്‍മ മാഗസിനോടു പറഞ്ഞു: 'അതിവേഗത്തിലുള്ള അനുമതി നല്കല് മാതൃകയില്‍, ഒരു സംരംഭകന് നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ മറ്റു മാര്‍ഗം നോക്കാന്‍ ഗവണ്മെന്റ് തയ്യാറായിരിക്കുന്നു. ഇനി അതിന്റെ വഴിയില്‍ എന്തെങ്കിലും നിയമതടസ്സം വന്നാല്‍ അവയെ ആക്രമിച്ചു തിടുക്കത്തില്‍ ശക്തി കുറയ്ക്കാന്‍ ഗവണ്മെന്റ് സജ്ജമായിരിക്കുന്നു.' ഉദാരവത്കരണത്തിനു ശേഷമുള്ള മൂലധന വിപണിക്ക്-അത് ഉയര്‍ന്ന മൂല്യത്തില്‍ എത്തിനില്‍ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തികാരോഗ്യത്തിന്റെ സൂചകമായി മിക്കവാറും കൊണ്ടാടപ്പെട്ടിരുന്നു-സ്വയം ഭഞ്ജിച്ച് മതിയായ മേല്‍നോട്ടം, കര്‍ശനമായ വിശ്വാസ്യത, ഉചിതമായ ശിക്ഷ എന്നിവ ഇന്നും നഷ്ടമാവുന്നു എന്നതു തന്നെയാണതിനു കാരണമെന്ന് അറിയപ്പെടുന്ന ബിസിനസ് ജേര്‍ണലിസ്റ്റായ സുചേത ദലാല്‍ എഴുതുന്നു.
പണവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം പണത്തിന് മേല്‍ക്കൈ കിട്ടുന്നതോടെ മാറ്റത്തിനു വിധേയമാവുന്നു. പണത്തിന്റെ കറ പുരണ്ട രാഷ്ട്രീയ അഴിമതികളുടെ സമീപകാല പ്രളയത്തെ സൂചിപ്പിച്ചുകൊണ്ട്-മധു കോഡ, കേന്ദ്ര ടെലികോം മന്ത്രി എ. രാജ, ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാര് എന്നിവരുടെ അഴിമതികളുള്പ്പെടെയുള്ളവ-ആന്ധ്രാപ്രദേശിലെ ലോക്സത്തയുടെ ജയപ്രകാശ് നാരായണ്‍ ചൂണ്ടിക്കാണിക്കുന്നു, അവര്‍ ഈ ബന്ധത്തിന്റെ അടുത്ത ദശ 'നാടകീയമായി' അവതരിപ്പിക്കുന്നു. 'പണത്താല്‍ സ്വാധീനിക്കപ്പെടുന്നത് രാഷ്ട്രീയം മാത്രമല്ല. ഇന്ന് അതു യഥാര്‍ഥത്തില്‍ വ്യവസ്ഥകളെ ഭരിക്കുകയാണ് ചെയ്യുന്നത്,' അദ്ദേഹം പറയുന്നു. 'സ്വത്തുത്്പാദനം നടക്കുന്നില്ല. നാടിന്റെ പ്രകൃതിവിഭവങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് ഇഷ്ടംപോലെ ദാനം ചെയ്യുകയാണ്; ഒറ്റ പരിഗണനയേയുള്ളൂ-സ്വകാര്യ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുകയെന്ന വഞ്ചനാപരമായ ഉദ്ദേശ്യം.'
സി.പി.ഐയുടെ എ.ബി. ബര്ദന് ഇതിനോടു യോജിക്കുന്നു: 'അളവറ്റ ധനത്തിന്റെ ശക്തി നമ്മുടെ ജനാധിപത്യത്തിനു മുകളില്‍ ഒരു കരിമേഘംപോലെ അലഞ്ഞുതിരിയുന്നുണ്ട്. വാര്‍ഡ് പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ളതാണെങ്കില്പോലും തിരഞ്ഞെടുപ്പുകള്‍ക്കായി കോടികളാണ് ചെലവാക്കപ്പെടുന്നത്. ഇത് വിജയകരമായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍നിന്നും പാവങ്ങളെയും പാവങ്ങളുടെ പാര്‍ട്ടികളെയും അകറ്റിനിര്‍ത്തുന്നു. കോഡ പിടിക്കപ്പെട്ടേക്കാം. പക്ഷേ ഇനിയും പിടിക്കപ്പെടാത്ത നിരവധി വന്മത്സ്യങ്ങളുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹരിയാന എം.എല്‍.എയുടെ ശരാശരി വില അഞ്ചു കോടി രൂപയായി ഉയര്‍ന്നു എന്ന വാര്‍ത്ത ഒരുദാഹരണം. ജഗ്മോഹന് റെഡ്ഡിയുടെ സ്വത്തുക്കള്‍പോലും പല മടങ്ങായി പെരുകിയിരിക്കുന്നു. ഇതിനെ എങ്ങനെയാണ് നിങ്ങള്‍ വിശദീകരിക്കുക? ജനാധിപത്യത്തിനു മേല്‍ പണത്തിനുള്ള ഈ സ്വാധീനം നമ്മുടെ ധാര്മികപ്രകൃതത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. അഴിമതി സ്വാഭാവികവും സാധാരണവുമാണിന്ന് എന്ന് അനവധി ആളുകള്‍ ചിന്തിക്കുന്ന ഒരു ധാര്‍മികപ്രതിസന്ധിയുടെ നടുവിലാണ് നാം.'
അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നതിലെ പരാജയം ഏതാണ്ട് പൂര്‍ണമായിരിക്കുന്നു. ഏതാനും അപവാദങ്ങള്‍ മാത്രം; രാഷ്ട്രീയക്കാര്‍ പൊതുവേ ശിക്ഷിക്കപ്പെടുകയോ വിശദീകരണത്തിനുള്ള അവസരം നല്കപ്പെടുകയോ ചെയ്യാറില്ല. നീതിന്യായവ്യവസ്ഥ പോലും അഴിമതിക്കറയില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ല. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ഡി. ദിനകരനെതിരെ ഉണ്ടായ ഒരു ഭൂമി തട്ടിയെടുക്കല്‍ കേസ് അടുത്തകാലത്തെ ഉദാഹരണം. മറ്റൊരു തടസ്സം-ഉദ്യോഗസ്ഥസമൂഹം-വളരെ നേരത്തെതന്നെ അഴിമതിക്കിരയാവുകയുണ്ടായി. ഉള്ളുകള്ളികളറിയാവുന്ന ഏതാനും ആളുകള്‍ തുറന്നുപറയാന്‍ തയ്യാറുണ്ട്. എന്നാല്‍ മറ്റു ചിലര്‍ അത്ര സന്ദേഹികളല്ല. ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ചെയര്‍മാനായ റിട്ടയേഡ് അഡ്മിറല്‍ ആര്.എച്ച്. തഹിലിയാനി ഔട്ട്ലുക്ക് മാഗസിനോടു സംസാരിക്കവേ പറയുകയാണ്: 'തിരഞ്ഞെടുപ്പു സമ്പ്രദായത്തില്‍ അഴിമതി അതിന്റെ കൊടുമുടിയിലാണ്. അതിനാല്‍ രാഷ്ട്രീയക്കാരുടെ അരികിലേക്ക് ഒരാളെ ചെല്ലാനനുവദിക്കാനാവില്ല, കാരണം ഭരണാധികാരികളാണ് അതിനു പശ്ചാത്തലമൊരുക്കുന്നത്... 99 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള വെള്ളത്തിന് ചൂടുണ്ട്, പക്ഷേ അതിന് ഊര്‍ജമില്ല. ഒരു ഡിഗ്രി വര്‍ധിപ്പിച്ചു നോക്കൂ, അതു തിളയ്ക്കാന്‍ തുടങ്ങുന്നു, നീരാവി വമിച്ച് അത്യധികമായ ഊര്‍ജം ഉത്പാദിപ്പിക്കുന്നു. അതുപോലെ അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംഘര്‍ഷം നിലനിര്‍ത്തേണ്ട ആവശ്യമുണ്ട്. എപ്പോഴാണ് കൂടുതലായി വേണ്ട ആ ഇത്തിരി ഡിഗ്രി വരാനിടയുള്ളതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയില്ല. ഇനി എല്ലാത്തിനും പുറമേ, ഒരൊറ്റ വെടിയുണ്ടപോലും ഉതിര്‍ക്കാതെയാണ് ബര്‍ലിന്‍ മതില് നിലംപതിച്ചത്, ശരിയല്ലേ?'
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപകീര്‍ത്തികള്‍
ചുര്‍ഹത് ലോട്ടറി കേസ് (1982) അര്‍ജുന്‍സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് അദ്ദേഹം ഒരു അപകീര്‍ത്തി വിഷയത്തില്‍ ഉള്‍പ്പെട്ടു. ചിലര്‍ അതിന് ചുര്‍ഹത് ലോട്ടറി കേസ് എന്നു പേരു വിളിച്ചു. 1982-ല്‍ അര്‍ജുന്‍സിങ്ങിന്റെ ബന്ധുക്കള്‍ സ്ഥാപിച്ചതാണ് ചുര്‍ഹത് ചില്‍ഡ്രന്‍ വെല്‍ഫെയര്‍ സൊസൈറ്റി. ലോട്ടറി നടത്തി ഫണ്ട് സ്വരൂപിക്കാന്‍ അനുമതിയും ധര്മസേവനമെന്ന നിലയില്‍ നികുതിയിളവും അതിനു ലഭിക്കുകയുണ്ടായി. എന്നിട്ടു പോലും, ഗണ്യമായൊരു തുക വക മാറ്റി ചെലവഴിച്ചെന്നും ഭോപ്പാലിനടുത്ത് ആഡംബരപൂര്‍ണമായ കേര്വാഡാം കൊട്ടാരം നിര്‍മിക്കാന്‍ ഉപയോഗിച്ചെന്നും വ്യാപകമായ ആരോപണങ്ങളുയര്‍ന്നു. സൊസൈറ്റിക്കു ലഭിച്ച സംഭാവനകളില്‍ യൂണിയന് കാര്‍ബൈഡ് നല്കിയ 1,50,000 രൂപയും ഉള്‍പ്പെട്ടിരുന്നു. ഭോപ്പാല്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് യൂണിയന് കാര്‍ബൈഡിന്റെ മേധാവിയായ വാറന്‍ ആന്‍ഡേഴ്സനെ രാജ്യം വിട്ടുപോകാനനുവദിച്ചത് അര്‍ജുന്‍സിങ്ങിന്റെ ഓഫീസായിരുന്നു എന്ന് ആരോപണങ്ങളുണ്ടായിട്ടുണ്ട്.
ഒരു പൊതുതാത്പര്യ ഹര്‍ജിയുടെ വാദം കേള്‍ക്കെ ഹൈക്കോടതി ഇങ്ങനെ നിരീക്ഷിച്ചു: 'ഭോപ്പാലിലെ കൊട്ടാരസദൃശമായ ആഡംബരമന്ദിരത്തിന്റെ നിര്‍മാണച്ചെലവിന്റെ സ്രോതസ്സുകളെപ്പറ്റി രാഷ്ട്രത്തോടു വിശദീകരിക്കാന്‍ അര്‍ജുന്‍സിങ് ബാധ്യസ്ഥനാണ്.' 18 ലക്ഷം രൂപയാണ് കൊട്ടാരത്തിന്റെ മൂല്യമെന്ന് അര്‍ജുന്‍സിങ് അവകാശപ്പെട്ടപ്പോള്‍ ഐ.ടി. വകുപ്പ് അതിന് ഒരു കോടി രൂപയില്‍ കൂടുതല്‍ വില മതിച്ചു. എന്തായാലും അപവാദം അന്വേഷിച്ച ഒരു ജഡ്ജി മാത്രമുള്ള കമ്മീഷന് അര്‍ജുന്‍സിങ്ങിനെ അഴിമതിയില്‍നിന്നും കുറ്റവിമുക്തനാക്കി. ജെയിന് ഹവാലാ കേസിനുശേഷം ഈ കേസ് വീണ്ടും തുടങ്ങി. കൊട്ടാരനിര്മാണച്ചെലവിന്റെ പുതിയ കണക്കുകള്‍ സമര്‍പ്പിക്കാന്‍ അര്‍ജുന്‍സിങ്ങിനോട് വീണ്ടും ആവശ്യപ്പെട്ടു. കോടതിയില്‍ കപില്സിബലായിരുന്നു കേസ് വാദിച്ചത്. പുനരന്വേഷണത്തിനുള്ള ഉത്തരവിട്ടു; അതു തിടുക്കപ്പെട്ട് ഇറക്കിയതാണെന്നും 'വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെ'ന്നുമുള്ള കാരണം പറഞ്ഞ് ഉത്തരവ് നിര്‍വീര്യമാക്കപ്പെട്ടു.
സെന്റ് കിറ്റ്സ് കേസ്(1989)
സെന്റ് കിറ്റ്സിലെ ഫസ്റ്റ് ട്രസ്റ്റ് കോര്പ്പറേഷന് ബാങ്കില്‍ അജയ്സിങ് അക്കൗണ്ട് തുറക്കുകയും 21 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ അച്ഛന് വി.പി. സിങ്ങിനെ അതിന്റെ അവകാശിയാക്കുകയും ചെയ്തു എന്നു കാണിക്കുന്ന വ്യാജപ്രമാണങ്ങള്‍ ചമച്ചതിന്റെ പേരില്‍ പി.വി. നരസിംഹറാവു തന്റെയൊപ്പമുള്ള മന്ത്രി കെ.കെ. തിവാരി, ചന്ദ്രസ്വാമി, കെ.എന്‍. അഗര്‍വാള്‍ എന്നിവരോടൊപ്പം കുറ്റാരോപിതനായി. വി.പി. സിങ്ങിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യമായി ആരോപിക്കപ്പെട്ടത്. 1989ലാണ് സംഭവമെന്നു കരുതപ്പെടുന്നു. എങ്കിലും 1996-ല്‍ നരസിംഹറാവുവിന്റെ പ്രധാനമന്ത്രിപദ കാലാവധി അവസാനിച്ചതിനു ശേഷം മാത്രമാണ് സി.ബി.ഐ. ഔദ്യോഗികമായി അദ്ദേഹത്തിന്റെ മേല്‍ കുറ്റപത്രം ചാര്‍ത്തിയത്. ഏതാണ്ട് ഒരു വര്‍ഷത്തിനകം കേസുമായി ബന്ധിപ്പിക്കുന്ന തെളിവില്ലെന്ന കാരണത്താല്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. മറ്റു കുറ്റാരോപിതരും, അവസാനത്തെ ആള് ചന്ദ്രസ്വാമിയായിരുന്നു, എന്നന്നേക്കുമായി വിട്ടയയ്ക്കപ്പെട്ടു.
ബോഫോഴ്സ് അപവാദം (1987) ഇന്ത്യയിലെ പ്രധാന അഴിമതിക്കഥയായ ബോഫോഴ്സ് അപവാദം 1987-ല്‍ പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യയുടെ 155 എം.എം. യുദ്ധപീരങ്കി എത്തിച്ചുകൊടുക്കുന്നതിനുള്ള ലേലം കിട്ടാനായി ബോഫോഴ്സ് എ.ബി. എന്ന കമ്പനിയില്‍നിന്നും അന്നത്തെ പ്രധാനമന്ത്രിയും മറ്റു പലരും കൈക്കൂലി വാങ്ങി എന്നായിരുന്നു ആരോപണം. ഇന്ത്യ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തത്ര വഷളായിരുന്നു അഴിമതിയുടെ തോത്. അത് 1989 നവംബറിലെ പൊതുതിരഞ്ഞെടുപ്പില്‍ രാജീവ്ഗാന്ധിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തുന്നതിലേക്കു വഴിയൊരുക്കി. 400 മില്യന്‍ രൂപയുടെ അഴിമതി നടന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. വിശ്വനാഥ് പ്രതാപ്സിങ് പ്രതിരോധമന്ത്രിയായിരുന്ന കാലത്താണ് സംഭവം വെളിയില്‍ വന്നത്. ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലെ ചിത്ര സുബ്രഹ്മണ്യവും ദി ഹിന്ദുവിലെ എന്‍. റാമുമാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ സംഭവം ലോകത്തെ അറിയിച്ചത്.
അഴിമതിവിവാദവുമായി ബന്ധപ്പെട്ട ഇടനിലക്കാരന്റെ പേര് ഒട്ടാവിയോ ക്വട്ടറോച്ചി എന്നായിരുന്നു. സ്നാംപ്രോഗെറ്റി എന്ന പെട്രോകെമിക്കല്‍ സ്ഥാപനത്തെ പ്രതിനിധീകരിച്ച ഇറ്റാലിയന്‍ ബിസിനസ്സുകാരനാണയാള്‍. പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളായിരുന്നുവെന്നും 1980 കളില്‍ വന്‍ ഇടപാടുകള്‍ക്കും ഇന്ത്യാഗവണ്മെന്റിനും ഇടയിലുള്ള ശക്തനായ ദല്ലാളായി ഉയര്‍ന്നു വന്നയാളാണെന്നും ക്വട്ടറോച്ചിയെക്കുറിച്ചു വാര്‍ത്തകള്‍ പരന്നു. കേസിന്റെ അന്വേഷണഘട്ടത്തില്‍ 1991 മെയ് 21ന്, ഇതുമായി ബന്ധമില്ലാത്ത കാരണത്താല്‍ രാജീവ്ഗാന്ധി വധിക്കപ്പെട്ടു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ ഏതാണ്ട് 500 രേഖകള്‍ സ്വിസ് ബാങ്ക് പുറത്തുവിട്ടു. സി.ബി.ഐ. ക്വട്ടറോച്ചിക്കും വിന്ഛദ്ദയ്ക്കുമെതിരെ കേസ് ഫയല്‍ ചെയ്തു; രാജീവ്ഗാന്ധി, പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്നാഗര്‍ എന്നിവര്‍ കൂടാതെ മറ്റു പലരുടെയും പേരുകള്‍ പരാമര്‍ശിക്കുകയും ചെയ്തു. ഇതിനിടെ വിന്‍ഛദ്ദയും മരണമടഞ്ഞു.
2004 ഫിബ്രവരി 5ന്, രാജീവ്ഗാന്ധിക്കും മറ്റുള്ളവര്‍ക്കുമെതിരെയുള്ള കൈക്കൂലിക്കേസ് ഡല്‍ഹി ഹൈക്കോടതി നിര്‍വീര്യമാക്കി. എന്നാല്‍ വഞ്ചന, ഗവണ്മെന്റിന് നഷ്ടം വരാന്‍ കാരണമാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇപ്പോഴും നിലനില്ക്കുന്നു. 2005 മെയ് 31ന് ബ്രിട്ടനിലെ ബിസിനസ് സഹോദരങ്ങളായ ശ്രീചന്ദ് ഹിന്ദുജ, ഗോപീചന്ദ് ഹിന്ദുജ, പ്രകാശ് ഹിന്ദുജ എന്നിവര്‍ക്കെതിരെയുള്ള ബോഫോഴ്സ് കേസ് ആരോപണങ്ങള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി.
ഇന്ത്യാഗവണ്മെന്റിനും സി.ബി.ഐക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ബി.ദാത് 2005 ഡിസംബറില്‍, ഒട്ടാവിയോ ക്വട്ടറോച്ചിയെ ബോഫോഴ്സ് പണമിടപാടുമായി ബന്ധിപ്പിക്കാന്‍ മതിയായ തെളിവുകള്‍ അപര്യാപ്തമാകയാല്‍, അയാളുടെ മരവിപ്പിച്ചിട്ടുള്ള രണ്ടു ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ബ്രിട്ടീഷ് ഗവണ്മെന്റിനോടപേക്ഷിച്ചു. ആ അക്കൗണ്ടുകളില്‍ 3 മില്യന്‍ ഡോളറും ഒരു മില്യന്‍ ഡോളറുമായിരുന്നു ഉണ്ടായിരുന്നത്. ഒട്ടാവിയോ ക്വട്ടറോച്ചി ലണ്ടനിലെ രണ്ടു ബാങ്കുകളില്‍നിന്നും പണം പിന്‍വലിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ ഗവണ്മെന്റിനോട് ജനവരി 16-ാം തീയതി സുപ്രീംകോടതി നിര്‍ദേശിച്ചു. ഇന്ത്യയിലെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. ഏതാണ്ട് 21 കോടി രൂപ, അതായത് ഏകദേശം 4.6 മില്യന്‍ യു.എസ്. ഡോളര്‍, നേരത്തെ തന്നെ രണ്ട് അക്കൗണ്ടുകളില്‍നിന്നും പിന്‍വലിച്ചിട്ടുണ്ടെന്ന് 2006 ജനവരി 23ന് സമ്മതിക്കുകയുണ്ടായി. ഇന്ത്യാ ഗവണ്മെന്റിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് ഗവണ്മെന്റ് ഫണ്ടുകള്‍ മരവിപ്പില്‍നിന്നു മുക്തമാക്കി. കൂടുതലായി 160 കോടി രൂപ ഇന്ത്യാഗവണ്മെന്റിന് ഇടപാടുകള്‍ക്കു ചെലവായി.
2006 ജനവരി 16ന് സുപ്രീംകോടതി മുന്‍പാകെ സമര്‍പ്പിച്ച ഒരു സത്യവാങ്മൂലത്തില്‍, ക്വട്ടറോച്ചിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു തങ്ങള്‍ എന്ന് സി.ബി.ഐ. അവകാശപ്പെട്ടു. സി.ബി.ഐയുടെ അപേക്ഷപ്രകാരം ഇന്റര്‍പോളിന്റെ പക്കല്‍ ക്വട്ടറോച്ചിയെ അറസ്റ്റു ചെയ്യാനുള്ള ഉത്തരവുണ്ടായിരുന്നു. 2007 ഫിബ്രവരി 6ന് അര്‍ജന്റീനയില്‍ വെച്ച് ക്വട്ടറോച്ചി തടവിലാക്കപ്പെട്ടു. പക്ഷേ അയാളെ തടവിലാക്കിയതിന്റെ വാര്‍ത്ത ഫിബ്രവരി 23-ാം തീയതി മാത്രമാണ് സി.ബി.ഐ. പുറത്തുവിട്ടത്. ക്വട്ടറോച്ചിയെ അര്‍ജന്റീനയില്‍ പോലീസ് മോചിപ്പിച്ചു. എങ്കിലും അയാളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കുകയും രാജ്യം വിട്ടുപോകാന്‍ അനുമതി നിഷേധിക്കുകയും ചെയ്തു.
ഇന്ത്യയും അര്‍ജന്റീനയും തമ്മില്‍ കുറ്റവാളികളെ പിടികൂടി കൈമാറുന്ന വ്യവസ്ഥകളൊന്നും നിലവിലില്ലാതിരുന്നതിനാല്‍ കേസ് അര്‍ജന്റീനയിലെ സുപ്രീംകോടതിയിലാണ് അവതരിപ്പിച്ചത്. ക്വട്ടറോച്ചിയുടെ അറസ്റ്റിന് അടിസ്ഥാനമായിത്തീര്‍ന്ന ഒരു നിര്‍ണായക കോടതി ഉത്തരവ് ഇന്ത്യാ ഗവണ്മെന്റ്നല്കാഞ്ഞതിനാല് കുറ്റവാളിയെ കൈമാറ്റം ചെയ്യുന്ന കേസില്‍ ഇന്ത്യാഗവണ്മെന്റ് പരാജയപ്പെട്ടു. തുടര്‍ന്ന്, കോടതിയുടെ തീരുമാനത്തിന്റെ ഔദ്യോഗികമായ ഇംഗ്ലീഷ് പരിഭാഷ ലഭ്യമാക്കുന്നതില്‍ സംഭവിച്ച കാലതാമസം കാരണം ഇന്ത്യാഗവണ്മെന്റ് ഈ തീരുമാനത്തിനുമേല്‍ പുനര്‍വിചാരണ ആവശ്യപ്പെട്ടില്ല. സി.ബി.ഐ., കുറ്റവാളികളായി സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഈ ഇറ്റാലിയന്‍ ബിസിനസ്സുകാരന് സൂചിപ്പിക്കപ്പെട്ടിട്ടേയില്ല. ബോഫോഴ്സ് പണമിടപാടു കേസില്‍ ജീവിച്ചിരിക്കുന്ന ഏക സംശയിക്കപ്പെടുന്ന കുറ്റവാളിക്കെതിരെയുള്ള പന്ത്രണ്ടു വര്‍ഷം പഴക്കമുള്ള ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് സി.ബി.ഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്, ഈ ഏജന്‍സിയുടെ വെബ്സൈറ്റില്‍നിന്നും പിന്‍വലിക്കപ്പെട്ടു. ക്വട്ടറോച്ചിക്കെതിരെ വിശ്വാസയോഗ്യമായ തെളിവുകളില്ലെന്ന കാരണത്താല്‍ ഡല്‍ഹിയിലെ ഒരു കോടതി അയാളെ 2011 മാര്‍ച്ച് 4-ാം തീയതി കുറ്റവിമുക്തനാക്കി.
ജെ.എം.എം. കോഴ കേസ് (1993)
1993 ജൂലായില്‍ നരസിംഹറാവുവിന്റെ ഗവണ്മെന്റിന് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ലെന്ന് പ്രതിപക്ഷം കരുതിയതിനാല്‍ അത് ഒരു അവിശ്വാസപ്രമേയം നേരിടുകയുണ്ടായി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെ.എം.എം.) അംഗങ്ങള്‍, പിളര്‍ന്നുമാറാന്‍ സാധ്യതയുള്ള ഒരു വിഭാഗം ജനതാദള്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് വിശ്വാസപ്രമേയം അവതരിപ്പിക്കുന്ന വേളയില്‍ തനിക്കനുകൂലമായി വോട്ടു ചെയ്യുന്നതിനായി, നരസിംഹറാവു തന്റെ ഒരു പ്രതിപുരുഷന് വഴി ദശലക്ഷക്കണക്കിനു രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തു എന്ന് ആരോപണമുയര്‍ന്നു. കൈക്കൂലിപ്പണം സ്വീകരിച്ച അംഗങ്ങളിലൊരാളായ ശൈലേന്ദ്ര മഹാതോ മാപ്പുസാക്ഷിയായി. റാവുവിന്റെ ഭരണകാലാവധി കഴിഞ്ഞ്, 1996-ല്‍ ഈ സംഭവത്തെക്കുറിച്ച് ഗൗരവത്തോടെ അന്വേഷണമാരംഭിച്ചു. വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ക്കു ശേഷം 2000-ല്‍ റാവുവിനെയും അദ്ദേഹത്തിന്റെ കൂട്ടാളിയായ ബൂട്ടാസിങ്ങിനെയും (എം.പിമാരെ പ്രധാനമന്ത്രിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയത് ഇദ്ദേഹമാണെന്ന് ആരോപണമുയര്‍ന്നു) ഒരു പ്രത്യേക കോടതി കുറ്റക്കാരനെന്നു കണ്ടെത്തി. റാവു ഒരു മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് ജാമ്യമെടുത്തു സ്വതന്ത്രനായി വിലസി. മഹാതോയുടെ പ്രസ്താവനകളുടെ (അവ അത്യന്തം പരസ്പരവിരുദ്ധമായിരുന്നു) വിശ്വാസ്യതയില്‍ സംശയമുണ്ടായതു മൂലമാണ് മുഖ്യമായും തീരുമാനം അട്ടിമറിക്കപ്പെട്ടത്; 2002-ല്‍, റാവുവും ബൂട്ടാസിങ്ങും കുറ്റവിമുക്തരാക്കപ്പെട്ടു.
ഹവാല അഴിമതി (1993)
ഹവാല ഇടപാടുകാരായ ജെയിന് സഹോദരന്മാരിലൂടെ, രാഷ്ട്രീയക്കാര്‍ പണം കൈപ്പറ്റിയതായി ആരോപിക്കപ്പെട്ട സംഭവം ഉള്‍പ്പെടുന്ന, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആക്ഷേപമായിരുന്നു ഇത്. 1993-ല്‍ പുറത്തുവന്ന ഇതില്‍ 18 മില്യന്‍ യു.എസ്. ഡോളര്‍ കൈക്കൂലിയായിരുന്നു ആരോപിക്കപ്പെട്ടത്. രാജ്യത്തെ പ്രമുഖരായ ചില രാഷ്ട്രീയപ്രവര്‍ത്തകരോടൊപ്പം 115 ഉദ്യോഗസ്ഥര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞു. പണം കാശ്മീരിലെ ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്കായി തിരിച്ചുവിട്ടുവെന്നും ആരോപണമുയര്‍ന്നു.
സംഭവം പുറത്തുകൊണ്ടുവന്ന വിനീത് നാരായണന് എന്ന പത്രപ്രവര്ത്തകന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയുടെ ഫലമായി കേസിന് പെട്ടെന്നുതന്നെ വന്‍പ്രചാരം ലഭിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 1996-ല്‍ നിരവധി ക്യാബിനറ്റ് മന്ത്രിമാരു
ടെയും മുഖ്യമന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും മേല്‍ കുറ്റപത്രം ചുമത്തപ്പെട്ടു. കുറ്റാരോപിതരില്‍ എല്‍.കെ. അദ്വാനി, വി.സി. ശുക്ല, പി. ശിവശങ്കര്‍, ശരത് യാദവ്, ബല്‍റാം ഝാക്കര്‍, മദന്‍ലാല്‍ ഖുരാന എന്നിവര്‍ ഉള്‍പ്പെട്ടു. പ്രധാന തെളിവെന്ന നിലയ്ക്ക് കോടതി പരിശോധിച്ച ഹവാല രേഖകള്‍ (ഡയറികളുള്പ്പെടെ) അപര്യാപ്തമാണ് എന്നു ഭാഗികമായ കാരണത്താല്‍ 1997ലും 1998ലും മറ്റു പലരും കുറ്റാരോപിതരായി. സി.ബി.ഐയ്ക്ക് വ്യവഹാരത്തില്‍ സംഭവിച്ച ഈ വീഴ്ച വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.
കാലിത്തീറ്റ അഴിമതി (1996)
ബിഹാറിലെ ഗവണ്മെന്റ് ഖജനാവില്‍നിന്നും ഏകദേശം 950 കോടി രൂപ (210.9 മില്യന്‍ യു.എസ്. ഡോളര്‍) അപഹരിക്കപ്പെട്ടു എന്ന ആരോപണം ഉള്‍പ്പെടുന്ന അഴിമതി വിവാദമാണിത്. ആരോപിക്കപ്പെട്ട മോഷണം നിരവധി വര്ഷങ്ങളിലേക്കു വ്യാപിച്ചുകിടക്കുന്നു. നിരവധി ഗവണ്‍മെന്റുദ്യോഗസ്ഥരും തിരഞ്ഞെടുക്കപ്പെട്ടവരുമൊക്കെ ഉള്‍പ്പെട്ടിട്ടുള്ളതും പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംവിധാനങ്ങളുമൊക്കെ ചേര്‍ന്ന് വ്യാജരേഖ ചമച്ച് 'കെട്ടിച്ചമച്ച കന്നുകാലിക്കൂട്ട'ത്തിനായി കാലിത്തീറ്റ, മരുന്നുകള്‍, മൃഗപരിപാലന ഉപകരണങ്ങള്‍ എന്നിവ സാങ്കല്പികമായി വാങ്ങിച്ചു. 1996-ല്‍ ഈ വിവാദം പുറത്തുവന്നെങ്കിലും അപഹരണം വളര്‍ന്നും പുരോഗമിച്ചും വലുതാവാന്‍ രണ്ടു ദശകത്തിലേറെ സമയം വേണ്ടിവന്നു.
ഒരു പൊതുതാത്പര്യഹര്‍ജി സുപ്രീംകോടതിയിലെത്തിയതോടെ 1996 മാര്‍ച്ചില്‍ സുപ്രീംകോടതിയുടെ അന്തിമനിര്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിയുടെ ഇടപെടലിനു വഴിയൊരുങ്ങി; കേസ് സി.ബി.ഐയ്ക്കു കൈമാറാന്‍ ബിഹാര്‍ ഹൈക്കോടതി ഉത്തരവിട്ടു. അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രിയായ ലാലുപ്രസാദ് യാദവിന് ഈ വിഷയത്തിലുള്ള ബന്ധങ്ങള്‍ സി.ബി.ഐ. പുറത്തുകൊണ്ടുവന്നു; 1997 മെയ് 10ന് ലാലുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ബിഹാര്‍ ഗവര്‍ണറോട് സി.ബി.ഐ. ഔദ്യോഗികമായി അപേക്ഷിച്ചു. ആ ദിവസം തന്നെ കുറ്റാരോപിതരിലൊരാളായ ഹരീഷ് ഖണ്ഡേല്‍വാള്‍ എന്ന ബിസിനസ്സുകാരന് മരിച്ച നിലയില്‍ റെയില്‍വേട്രാക്കില്‍ കാണപ്പെട്ടു. പ്രോസിക്യൂഷനുവേണ്ടി സാക്ഷി പറയാന്‍ തന്നെ സി.ബി.ഐ. ഭീഷണിപ്പെടുത്തിയെന്നു പ്രസ്താവിക്കുന്ന ഒരു കുറിപ്പ് മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ലാലുവിനെയും മറ്റുള്ളവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ജൂണ്‍ 17ന് ഗവര്‍ണര്‍ അനുമതി നല്കി. ജൂണ്‍ 23ന് ലാലുവിനും മറ്റ് 55 പേര്‍ക്കുമെതിരെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. ചന്ദ്രദേവ് പ്രസാദ് വര്‍മ(മുന്‍ കേന്ദ്രമന്ത്രി), ജഗന്നാഥ്മിശ്ര (മുന്‍ ബിഹാര്‍ മുഖ്യമന്ത്രി), ലാലുമന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ (ഭോലാറാം തൂഫാനിയും വിദ്യാസാഗര്‍ നിഷാദും), ബിഹാറിലെ മൂന്ന് എം.എല്‍.എമാര്‍ (ജനതാദളിലെ ആര്.കെ. റാണ, കോണ്‍ഗ്രസ്സിലെ ജഗദീഷ് ശര്‍മ, ഭാരതീയ ജനതാപാര്‍ട്ടിയിലെ ധ്രുവഭഗത്), ജോലിയിലിരിക്കുന്നവരും വിരമിച്ചവരുമായ ചില ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ (ഇവരില്‍ നാലു പേര് നേരത്തെ കസ്റ്റഡിയിലായിക്കഴിഞ്ഞിരുന്നു) എന്നിവര്‍ ഉള്‍പ്പെടുന്നു. ബിഹാര്‍ ഹൈക്കോടതി ജഗന്നാഥ മിശ്രയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അതേ കോടതി ലാലുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എന്നാല്‍ ലാലു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ജൂലായ് 29ന്, ജാമ്യം പരിപൂര്‍ണമായും നിഷേധിക്കുന്നതിലാണ് അതു കലാശിച്ചത്. പിറ്റേന്ന് ലാലു ജയിലിലടയ്ക്കപ്പെട്ടു.
ലാലുവിന്റെ രാജിക്കായി തുടരെത്തുടരെ മുറവിളി ഉയര്‍ന്നപ്പോള്‍, ജൂലായ് 25ന് അദ്ദേഹം മുഖ്യമന്ത്രിപദം രാജിവെച്ചു. എന്നാല്‍ അന്നുതന്നെ തന്റെ ഭാര്യ റാബ്രിദേവിയെ തത്സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജൂലായ് 28-ാം തീയതി കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എന്നീ പാര്‍ട്ടികള്‍ രാഷ്ട്രീയ ജനതാദളിനോടു ചേര്‍ന്നു വോട്ടു ചെയ്തതിനാല്‍ റാബ്രിയുടെ പുതിയ സര്‍ക്കാര്‍ 194-110 എന്ന വ്യത്യാസത്തില്‍ വിശ്വാസവോട്ടു നേടി ബിഹാര്‍ നിയമസഭയില്‍ വിജയിച്ചു. ജൂണ്‍ 30ന് സി.ബി.ഐ. ഡയറക്ടര്‍ ജോഗീന്ദര്‍ സിങ്ങിനെ ആഭ്യന്തരമന്ത്രാലയത്തില്‍ സ്പെഷ്യല്‍ സെക്രട്ടറി സ്ഥാനത്തേക്കു മാറ്റിക്കൊണ്ട് ഗവണ്മെന്റ് ഉത്തരവു പുറപ്പെടുവിച്ചു. സാങ്കേതികാര്‍ഥത്തില്‍ ഈ മാറ്റം സ്ഥാനക്കയറ്റമാണെങ്കിലും അദ്ദേഹത്തെ അന്വേഷണച്ചുമതലയില്‍നിന്നും നീക്കം ചെയ്യുകയാണെന്ന ഫലവും അതിനുണ്ടായിരുന്നു. റീജ്യണല്‍ സി.ബി.ഐ. ഡയറക്ടറായിരുന്ന യു.എന്‍. ബിശ്വാസിനെ സ്ഥലം മാറ്റാനുള്ള ഒരു നീക്കവും ഇതേ തുടര്‍ന്നുണ്ടായത് ആരോപണവിധേയമായി. ഇതുപോലുള്ള ഏതൊരു സ്ഥലംമാറ്റവും അനുവദിക്കാതിരിക്കാനായി പ്രവര്‍ത്തിക്കണമായിരുന്നു എന്ന് ഹൈക്കോടതിയുടെ ഒരു മുന്നറിയിപ്പിലേക്കും ഇതു വഴിയൊരുക്കി.
2000 മുതലുള്ള വര്‍ഷങ്ങളില്‍ ലാലുയാദവും ജഗന്നാഥമിശ്രയും കുറ്റാരോപിതരായ മറ്റുള്ളവരും കേസുകളുടെ ബാഹുല്യവും വൈവിധ്യവും മൂലം നിരവധി പ്രാവശ്യം റിമാന്‍ഡിലായിട്ടുണ്ട്. 2007-ല്‍ 58 മുന്‍ ഉദ്യോഗസ്ഥരെയും വിതരണക്കാരെയും കുറ്റക്കാരെന്നു വിധിച്ചു ശിക്ഷിച്ചു. ശിക്ഷ അഞ്ചു വര്‍ഷം മുതല്‍ ആറു വര്‍ഷം വരെ തടവായിരുന്നു. 2007 മെയ് മാസമായപ്പോഴേക്കും രണ്ടു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവിന് ഏകദേശം 200 പേര് ശിക്ഷിക്കപ്പെട്ടു.
ടെലികോം-സുഖ്റാം-അഴിമതി വിവാദം (1996)
1996 ആഗസ്തില്‍ അന്നത്തെ കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രിയായിരുന്ന സുഖ്റാമിന്റെ ഡല്‍ഹിയിലും മാന്ഡിയിലുമുള്ള വസതികളില്‍നിന്നും പണം നിറച്ച സ്യൂട്ട്കേസുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ രണ്ടു കേസുകള്‍ കോടതിയില്‍ ബോധിപ്പിക്കപ്പെട്ടു. ഹിമാചല്‍പ്രദേശിലെ മാന്‍ഡി നിയോജകമണ്ഡലത്തില്നിന്നുമുള്ള ലോകസഭാംഗമായിരുന്നു അദ്ദേഹം. അഞ്ചു തവണ വിധാന്‍സഭ തിരഞ്ഞെടുപ്പിലും മൂന്നു തവണ ലോകസഭാതിരഞ്ഞെടുപ്പിലും വിജയിച്ചതിന്റെ ചരിത്രമുണ്ട് അദ്ദേഹത്തിന്.
84 വയസ്സുള്ള അദ്ദേഹം ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. നരസിംഹറാവു ഗവണ്മെന്റില് മന്ത്രിയായിരുന്ന കാലത്ത് അവിഹിതമായി നാലു കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ അദ്ദേഹത്തെ കോടതി ശിക്ഷിച്ചു; 2009-ല്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് കേസ് തീരുമാനമാകാതെ ഇപ്പോഴും ഡല്‍ഹി ഹൈക്കോടതിയില്‍ തുടരുകയാണ്. രണ്ടാമത്തെ കേസില്‍, 2002-ല്‍ സുഖ്റാമിനെ കോടതി ശിക്ഷിച്ചു. ടെലികോം ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അഡ്വാന്‍സ് റേഡിയോ മാസ്റ്റ്സ് (അഞങ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് അനുകൂലമായ നിലപാടെടുത്തതു വഴി പൊതുഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടം വരുത്തിയതിന് അദ്ദേഹം മൂന്നു വര്‍ഷത്തെ കഠിനതടവിനു ജയിലിലടയ്ക്കപ്പെട്ടു. ഇതിനു പുറമെ അദ്ദേഹത്തിന് രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു.
ബാരക് മിസൈല്‍ അപവാദം (2001)
ഇന്ത്യ ഇസ്രയേലില്‍നിന്നും ബാരക് മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിരോധവകുപ്പിലുണ്ടായ ഒരു കേസാണിത്. ഇപ്പോള്‍ സി.ബി.ഐ. അന്വേഷണം നടക്കുന്ന ദശയിലാണ്. സമതാപാര്‍ട്ടിയുടെ മുന്‍ ട്രഷറര്‍ ആര്.കെ. ജെയിന് ഉള്‍പ്പെടെ നിരവധി പേര് അറസ്റ്റിലായിക്കഴിഞ്ഞു. പ്രഥമാന്വേഷണ റിപ്പോര്‍ട്ടില്‍ പേരെടുത്തു പറഞ്ഞിട്ടുള്ളവരില്‍ രാഷ്ട്രീയരംഗത്തെ ജോര്‍ജ് ഫെര്‍ണാണ്ടസ്, ജയ ജെയ്റ്റ്ലി, ആയുധവ്യാപാരിയും മുന്‍ നാവിക ഓഫീസറുമായ സുരേഷ് നന്ദ എന്നിവരുള്‍പ്പെടുന്നു. ചീഫ് ഓഫ് നേവല്സ്റ്റാഫായി വിരമിച്ച എസ്.എം. നന്ദയുടെ മകനാണ് സുരേഷ് നന്ദ.
ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസും (കഅക) റാഫേല്‍ (ഞഅഎഅഋഘ) ആര്‍മമെന്റ് അതോറിറ്റി ഓഫ് ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചെടുത്ത ബാരക് മിസൈല്‍ സംവിധാനം ആന്റി-ഷിപ്പ് സീ-സ്കിമ്മിങ് മിസൈലുകളെ പ്രതിരോധിക്കാന്‍ കുത്തനെ വിക്ഷേപിക്കുന്ന മിസൈലുകളെ പ്രയോഗിക്കുകയും വിമാനം വഴി ആക്രമിക്കുകയും ചെയ്യുന്നു. 2000 ഒക്ടോബര്‍ 23-ാം തീയതി 69.13 ദശലക്ഷം ഡോളര്‍ വില വെച്ച്, മൊത്തം 199.50 ദശലക്ഷം ഡോളറിന് 200 മിസൈലുകള്‍ വാങ്ങാനായി ഇന്ത്യാഗവണ്മെന്റ് കരാറുകളൊപ്പിട്ടു. മിസൈലിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ തുടക്കത്തില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച സംഘത്തിലെ അംഗങ്ങള്‍, അന്ന് ഡിഫന്‍സ് റിസര്‍ച്ച് & ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ ചുമതല വഹിച്ചിരുന്ന എ.പി.ജെ. അബ്ദുള്‍കലാം ഉള്‍പ്പെടെ പലരും എതിര്പ്പുകളുയര്ത്തിയിട്ടും ഈ കരാര്‍ ഒപ്പിട്ടു. ചില എതിര്‍പ്പുകളൊക്കെ നടപടിക്രമങ്ങളുടെ സ്വഭാവമാണെങ്കിലും, ഇപ്പോള്‍ അന്വേഷണം നേരിടുന്ന നേവല്‍ ചീഫ് ഓഫ് സ്റ്റാഫ് സുശീല്‍കുമാറിനെ സംബന്ധിച്ച്, എന്തുകൊണ്ടാണ് ഈ എതിര്‍പ്പുകളൊന്നും പരിഗണിക്കപ്പെടാതിരുന്നത്.
രാജ്യരക്ഷയുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് നടത്തിയ15 ഇടപാടുകളില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ബാരക് മിസൈല്‍ ഇടപാട് അവയിലൊന്നാണെന്നും 2001-ല്‍ തെഹല്‍ക നടത്തിയ വാര്ത്തചോര്ത്തലില് ആരോപിച്ചു.
വ്യാജ കമ്പനിക്ക് ഗവണ്മെന്റ് കരാറുകള്‍ സംഘടിപ്പിച്ചു കൊടുത്തു സഹായിക്കാന്‍ വേണ്ടി ഭരണകക്ഷിയായ ബി.ജെ.പിയുടെ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ് കൈക്കൂലി വാങ്ങുന്നതിന്റെ ചിത്രം ഫിലിമിലാക്കിയിട്ടുണ്ടെന്ന് തെഹല്‍ക അവകാശപ്പെട്ടു. സമതാപാര്‍ട്ടിയുടെ നേതാവും പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഏറ്റവുമടുത്തയാളുമായ ജയ ജെയ്റ്റ്ലിയെയും അവര്‍ സന്ദര്‍ശിച്ചു. അപവാദം പുറത്തുവന്നതോടെ ബഹളമായി. കൈക്കൂലി വാങ്ങിയെന്ന് ആരോപിതനായിരുന്നില്ലെങ്കില്പോലും ജോര്‍ജ് ഫെര്‍ണാണ്ടസ് രാജിവെച്ചു. ലക്ഷ്മണും രാജി വെച്ചു. അതേസമയം ജയ ജെയ്റ്റ്ലി തെഹല്‍ക ജേണലിസ്റ്റുകളെ പാകിസ്താനി ഏജന്റുമാരെന്നു വിളിക്കുകയും ടേപ്പുകളുടെ ആധികാരികതയില്‍ സംശയമുന്നയിക്കുകയും ചെയ്തു. ഫോറന്‍സിക് പരിശോധനകള്‍ക്കായി ടേപ്പുകള്‍ യു.കെയിലേക്കയച്ചു കൊടുത്തു. അവ അകൃത്രിമമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.
വൈകാതെ തന്നെ ജോര്‍ജ് ഫെര്‍ണാണ്ടസ് അധികാരത്തില്‍ മടങ്ങിയെത്തി. സിറ്റിങ് ജഡ്ജിയുടെ രാജിയുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ഏര്‍പ്പാടായി. അതേസമയം അദ്ദേഹത്തിന്റെ സ്ഥാനചലനം ശ്രദ്ധ ലഭിക്കാതെ പോയ, ഫലപ്രദമല്ലാത്ത ഒന്നായി. തെഹല്‍ക വിഷയത്തില്‍ നേരത്തേയുള്ള അവസ്ഥയില്‍നിന്നും തങ്ങള്‍ക്കനുകൂലമാകുന്ന വിധത്തിലേക്ക് ഗവണ്മെന്റ് അതിന്മേല് അന്വേഷണം തുടങ്ങി. തെഹല്‍കയെ സാമ്പത്തികമായി സഹായിക്കുന്ന പ്രധാനികളെ കസ്റ്റംസിന്റെയും പോലീസിന്റെയും നികുതി വകുപ്പധികാരികളുടെയും ലക്ഷ്യമാക്കി മാറ്റി. 2003 ആയപ്പോഴേക്കും തെഹല്‍ക കമ്പനിയില്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 120 ല്‍ നിന്ന് ഒന്ന് എന്ന നിലയിലേക്കു കുറഞ്ഞു. സ്ഥാപനം യഥാര്‍ഥത്തില്‍ കുളംതോണ്ടി. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം 2004-ല്‍ പുനരുജ്ജീവിച്ചു, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്മെന്റ് അധികാരത്തില്‍ വന്നതോടെ പുതിയ ഗവണ്മെന്റ് പ്രശ്നം സി.ബി.ഐയ്ക്കു കൈമാറി.
മധു കോഡ കള്ളപ്പണ നിക്ഷേപ അപവാദം 2009 ഒക്ടോബര്‍ 10-ാം തീയതി, അന്നത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡയ്ക്കെതിരെ, 4,000 കോടിയിലേറെ രൂപ കള്ളപ്പണം നിക്ഷേപിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ടു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍, 4,000 കോടി രൂപ വിലമതിക്കുന്ന-ഒരു കാലത്ത് അദ്ദേഹം ഭരിച്ചിരുന്ന സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റിന്റെ ഏകദേശം അഞ്ചിലൊന്ന്-സ്വത്തുക്കള്‍ കണ്ടെത്തി. മുംബൈയില്‍ ഹോട്ടലുകളും മൂന്നു കമ്പനികളും, കൊല്‍ക്കത്തയില്‍ വസ്തു, തായ്ലന്ഡില് ഒരു ഹോട്ടല്‍, ലൈബീരിയയില്‍ കല്‍ക്കരി ഖനി എന്നിവയൊക്കെ ഈ സ്വത്തുവകകളില്‍ ഉള്‍പ്പെടുന്നുവെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സഹായികളിലൊരാളായ ബിനോദ് സിന്‍ഹ ഇപ്പോള്‍ ജയിലിലാണ്; മറ്റൊരാളായ സഞ്ജയ് ചൗധരി ദുബായിലേക്കു കടന്നുകളഞ്ഞു. ഹൊത്വാറിലെ ബിന്‍സ മുന്ഡ സെന്‍ട്രല്‍ ജയിലിലെ ഏതൊരു തടവുകാരനെയും പോലെ മധു കോഡ ഇപ്പോള്‍ തന്റെ ജീവിതകാലം ചെലവഴിക്കുന്നു.
1971 ജനവരി 6 നു ജനിച്ച മധു കോഡ 2006 സപ്തംബര്‍ 18-ാം തീയതി ജാര്‍ഖണ്ഡിന്റെ അഞ്ചാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 2008 ആഗസ്ത് 23 ന് രാജി വെക്കുന്നതുവരെ തത്സ്ഥാനത്തു തുടര്‍ന്നു; ഷിബു സോറനാണ് അദ്ദേഹത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയായത്. ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ സജീവപ്രവര്‍ത്തകനായാണ് മധു കോഡ തന്റെ രാഷ്ട്രീയജീവിതമാരംഭിച്ചത്. ഭാരതീയ ജനതാപാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 2000 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജഗന്നാഥപൂരില്നിന്നും മത്സരിച്ചു വിജയിച്ചു. ബാബുലാല്‍ മറാന്‍ഡി മുഖ്യമന്ത്രിയായ ഗവണ്മെന്റില് മധു കോഡ പഞ്ചായത്തീരാജ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി. 2003-ല്‍ അര്ജുന് മുണ്ഡ ഭരണമേറ്റെടുത്തപ്പോഴും അദ്ദേഹം ഈ വകുപ്പില്‍ത്തന്നെ തുടര്‍ന്നു.
2005-ല്‍ ജാര്‍ഖണ്ഡില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കോഡയ്ക്കു സ്ഥാനാര്‍ഥിത്വം നിഷേധിച്ചു. സ്വതന്ത്രസ്ഥാനാര്‍ഥിയായി അദ്ദേഹം ജഗന്നാഥ്പൂരില്നിന്നു വീണ്ടും മത്സരിച്ചു വിജയിച്ചു. പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് തന്റെ തൊട്ടടുത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്പിച്ചത്. സംസ്ഥാനഭരണത്തിനുള്ള ഭൂരിപക്ഷമില്ലാത്ത സ്ഥിതിയില്‍ കോഡ അര്ജുന് മുണ്ഡ നയിക്കുന്ന ബി.ജെ.പി. ഗവണ്മെന്റിനെ പിന്തുണയ്ക്കാമെന്നു സമ്മതിച്ചുകൊണ്ട് ഖനി-ഭൂവകുപ്പിന്റെ മന്ത്രിയായി ചുമതലയേറ്റെടുത്തു. 2006 സപ്തംബറില്‍ മധു കോഡയും മറ്റ് മൂന്നു സ്വതന്ത്ര അംഗങ്ങളും മുണ്ഡ ഗവണ്മെന്റിനുള്ള പിന്തുണ പിന്‍വലിച്ചുകൊണ്ട്, അതിനെ ന്യൂനപക്ഷ ഗവണ്മെന്റാക്കിത്തീര്ത്തു. തുടര്‍ന്നുള്ള കാലം, പ്രതിപക്ഷമായ ഐക്യപുരോഗമന സഖ്യത്തിന്റെ സമവായ സ്ഥാനാര്‍ഥിയായി തീരുമാനിക്കപ്പെട്ടപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയായി.
2 ജി സ്പെക്ട്രം അഴിമതി
മൊബൈല്‍ ടെലിഫോണുകള്ക്കു വേണ്ട 2 ജി സബ്സ്ക്രിപ്ഷനുകളുണ്ടാക്കാനുപയോഗിക്കുന്നതിനുള്ള ഫ്രീക്വന്‍സി അനുമതി ലൈസന്‍സുകള്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിയമവിരുദ്ധമായി വില കുറച്ചു നല്കി എന്നതിന്റെ പേരില്‍ ഇന്ത്യാ ഗവണ്മെന്റിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അഴിമതി വിവാദമാണ് 2 ജി സ്പെക്ട്രം വിവാദം. 3 ജി ലൈസന്സുകളില്നിന്നും ശേഖരിച്ച പണത്തിന്റെ അടിസ്ഥാനത്തില്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു പ്രകാരം ഖജനാവിനു സംഭവിച്ച നഷ്ടം 1,76,379 കോടി രൂപ (39.16 ബില്യന്‍ യു.എസ് ഡോളര്‍)യാണ്.
2008 ലാണ് 2 ജി ലൈസന്‍സുകള്‍ അനുവദിച്ചു നല്‍കിയത്. രേഖകളുടെ കാര്യത്തില്‍ സുബ്രഹ്മണ്യം സ്വാമിയുടെ പരാതി സുപ്രീംകോടതി കേട്ടപ്പോഴും രാഷ്ട്രീയ ഉപജാപകയായ നീരാറാഡിയയെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിച്ചപ്പോഴുമാണ് അഴിമതി പൊതുജനശ്രദ്ധയില്പെട്ടത്. അഴിമതി പുറത്തുകൊണ്ടുവരാന്‍ സഹായിച്ച, എന്‍.ഡി.എ. ഗവണ്മെന്റില് ടെലികോം മന്ത്രിയായിരുന്ന അരുണ്‍ ഷൂരിയാണ് കള്ളത്തരം പരസ്യമാക്കിയത്; ടെലികോം ലൈസന്‍സുകള്‍ക്ക് അനുമതി നല്കുന്നതില് യു.പി.എ. ഗവണ്മെന്റിന്റെ നയത്തിലെ നിരവധി പഴുതുകളും അദ്ദേഹം പുറത്തുകൊണ്ടുവന്നു.
ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും ഉത്തരവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് 2008-ല്‍ ആദായനികുതി വകുപ്പ് നീരാറാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്ത്താനാരംഭിച്ചു. നീരാറാഡിയ ചാരപ്രവൃത്തി ചെയ്തുവെന്ന ആരോപണത്തിന്മേല് നടക്കുന്ന അന്വേഷണത്തിനു സഹായകമാകുന്നതിനു വേണ്ടിയാണ് ഇതു ചെയ്തത്. 300 ദിവസത്തിലേറെ റെക്കോഡ് ചെയ്ത സംഭാഷണങ്ങളില്‍ ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്ത്തിക്കൊടുക്കപ്പെട്ടു. ചോര്‍ന്ന ടേപ്പുകളെക്കുറിച്ച് കൊഴുത്തുവന്ന വിവാദം മാധ്യമങ്ങളില്‍ നീരാറാഡിയ ടേപ്പ് വിവാദം എന്നറിയപ്പെട്ടു.
രാഷ്ട്രീയക്കാരും പത്രക്കാരും കോര്‍പ്പറേഷനും തമ്മിലുള്ള ചില സംഭാഷണങ്ങളായിരുന്നു ടേപ്പില്‍. കരുണാനിധിയെപ്പോലുള്ള രാഷ്ട്രീയക്കാര്‍, ബര്‍ഖാ ദത്ത്, വീര്‍ സാങ്വി, പ്രഭു ചാവ്ല തുടങ്ങിയ ജേണലിസ്റ്റുകള്‍, ടാറ്റാ ഗ്രൂപ്പ് പോലുള്ള വ്യവസായസ്ഥാപനങ്ങള്‍-ഒക്കെ ഈ സംഭാഷണങ്ങളില്‍ പങ്കാളികളാവുകയോ പരാമൃഷ്ടരാവുകയോ ചെയ്തു.
രാജ 2 ജി സ്പെക്ട്രം ലൈസന്‍സുകളുടെ വിപണിവിലയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് അവയുടെ വില്പനയ്ക്കു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുകൊടുത്തു. കുറഞ്ഞ ആസ്തിയുള്ള സ്വാന് ടെലികോം എന്ന ഒരു പുതിയ കമ്പനി 1,537 കോടി രൂപയ്ക്ക് (341.21 ദശലക്ഷം യു.എസ്. ഡോളര്‍) ഒരു ലൈസന്‍സ് വാങ്ങി. തൊട്ടുപിന്നാലെ ഭരണസമിതി യോഗം ചേര്‍ന്ന് കമ്പനിയുടെ 45 ശതമാനം ഓഹരി എറ്റിസലാറ്റിന് 4,200 കോടി രൂപയ്ക്ക് (932.4 ദശലക്ഷം യു.എസ്. ഡോളര്‍) വിറ്റു. ഇതേപോലെ റിയല്‍ എസ്റ്റേറ്റില്‍ നേരത്തേ നിക്ഷേപിച്ചിരുന്ന ഒരു കമ്പനി യൂണിടെക് ഗ്രൂപ്പ് 1,661 കോടി രൂപയ്ക്ക് (368.74 ദശലക്ഷം യു.എസ്. ഡോളര്‍) ലൈസന്‍സ് വാങ്ങി. ഉടന്‍ തന്നെ കമ്പനിയുടെ ഭരണസമിതി കൂടി അവരുടെ വയര്‍ലെസ് വിഭാഗത്തിന്റെ 60 ശതമാനം ഓഹരികള്‍ 6,200 കോടി രൂപയ്ക്ക് (1.38 ബില്യന്‍ യു.എസ്. ഡോളര്‍) ടെലിനോര്‍ എന്ന കമ്പനിക്കു വിറ്റു.
ലൈസന്‍സുകള്‍ അവയുടെ വിപണിവിലയ്ക്കായിരിക്കണം വില്ക്കപ്പെടേണ്ടത് എന്നാണ് ലൈസന്‍സുകളുടെ വില്പനയുടെ സ്വഭാവം. കൂടിയ ലാഭത്തില്‍ ലൈസന്‍സുകള്‍ പെട്ടെന്നു മറിച്ചു വിറ്റുപോയി എന്ന വസ്തുത സൂചിപ്പിക്കുന്നത്, വില്പനദല്ലാളന്മാര് വിപണിവിലയിലും കുറഞ്ഞ വിലയ്ക്ക് ലൈസന്‍സുകള്‍ നല്കി എന്നാണ്. ഒമ്പതു കമ്പനികള്‍ ലൈസന്‍സുകള്‍ വാങ്ങിച്ചു. അവര്‍ വാര്‍ത്താവിനിമയ-വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് ഒന്നിച്ച് 10,772 കോടി രൂപ (2.39 ബില്യന്‍ യു.എസ്. ഡോളര്‍) അടച്ചു. ഈ ലൈസന്‍സ് അനുമതി നല്‍കുന്നതിനായി പ്രതീക്ഷിക്കപ്പെടുന്ന തുക, കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്കു പ്രകാരം 176,700 കോടി രൂപ (39.23 ബില്യന്‍ യു.എസ.് ഡോളര്‍)യായിരുന്നു.
2010 നവംബര്‍ ആദ്യം, എ. രാജയെ അഴിമതിക്കുറ്റങ്ങളില്നിന്നും തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി സംരക്ഷിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ജയലളിത എ. രാജയുടെ രാജിക്കായി മുറവിളി കൂട്ടി. നവംബര്‍ പകുതിയാവുമ്പോഴേക്കും എ. രാജ രാജിവെച്ചു. നവംബര്‍ മധ്യത്തില്‍ യൂണിടെക്, എസ് ടെല്‍, ലൂപ് മൊബൈല്‍, ഡാറ്റാകോം (വീഡിയോകോണ്‍), എറ്റിസലാറ്റ് എന്നീ കമ്പനികള്‍ക്ക്, ഇവയ്ക്ക് അനുവദിച്ചു നല്കിയ 85 ലൈസന്‍സുകള്‍ക്കും അപേക്ഷിച്ച സമയത്ത് വേണ്ടത്ര മൂലധനം ഉണ്ടായിരുന്നില്ലെന്ന തന്റെ തീര്‍പ്പിന് മറുപടി നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കംട്രോളര്‍ വിനോദ് റായ് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു; അവ നിയമവിരുദ്ധമാണെന്നും അതില്‍ പറഞ്ഞിരുന്നു. ഈ കമ്പനികള്‍ നിലവില്‍ ചില ഉപഭോക്തൃസേവനങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ അവയുടെ ലൈസന്‍സ് അസാധുവാക്കുകയില്ലെന്നും മറിച്ച്, കനത്ത തുക പിഴ ചുമത്തുമെന്നും ചില മാധ്യമകേന്ദ്രങ്ങള്‍ അനുമാനിച്ചു.
വിവിധ ആരോപണങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ ഇന്ത്യാ ഗവണ്മെന്റ് അന്നു ചുമതല വഹിച്ചിരുന്ന ടെലികോം മന്ത്രി എ. രാജയെ മാറ്റി കപില്‍ സിബലിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചു. മാനവ വിഭവശേഷി വികസന വകുപ്പു മന്ത്രിയായിരുന്ന അദ്ദേഹം അതിനു
പുറമേ ടെലികോം വകുപ്പു കൂടി ഏറ്റെടുത്തു. പറഞ്ഞു കേള്‍ക്കുന്ന 'സാങ്കല്പിക'നഷ്ടങ്ങള്‍ പിഴച്ച കണക്കുകൂട്ടലുകളുടെ ഫലമായി സംഭവിച്ചതാണെന്നും യഥാര്‍ഥ നഷ്ടം ഒന്നുമില്ലെന്നും കപില്‍ സിബല്‍ എതിര്‍വാദമുയര്‍ത്തി.
എ. രാജ, മറ്റു നാല് ടെലികോം ഉദ്യോഗസ്ഥര്‍-മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹുറ, രാജയുടെ പേഴ്സനല്‍ സെക്രട്ടറി ആര്.കെ. ചന്ദോലിയ, ടെലികോം മെമ്പര്‍ കെ. ശ്രീധര്‍, ടെലികോം ഡിപ്പാര്‍ട്ട്മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എ.കെ. ശ്രീവാസ്തവ-എന്നിവരുടെ കാര്യത്തില്‍ 2010 ഡിസംബര്‍ 8-ാം തീയതി സി.ബി.ഐ. റെയ്ഡ് നടത്തി. 2011 ഫിബ്രവരി 2-ാം തീയതി എ.രാജ, രാജയുടെ പേഴ്സനല്‍ സെക്രട്ടറി ആര്.കെ ചന്ദോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹുറ എന്നിവരെ സി.ബി.ഐ. അറസ്റ്റു ചെയ്തു. പുറത്തുവിട്ട റാഡിയ ടേപ്പുകളില്‍ നീരാറാഡിയയുടെ സംഭാഷണങ്ങളില്‍ എ. രാജയും ആര്. കെ. ചന്ദോലിയയും ഉണ്ടായിരുന്നു. 2 ജി സ്പെക്ട്രം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട്, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൈനാമിക്സ് ബല്‍വാസ് (ഡി.ബി.) ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഷഹിദ് ഉസ്മാന് ബല്‍വയെ 2011 ഫിബ്രവരി 8 ന് സി.ബി.ഐ. അറസ്റ്റു ചെയ്തു. എ. രാജയുടെ അടുത്തയാളായി കരുതപ്പെട്ടിരുന്ന ഷഹിദ് ഉസ്മാന് ബല്‍വ, മുന്‍ ടെലികോം മന്ത്രി സ്വീകരിച്ചതായി ആരോപിക്കപ്പെട്ട കൈക്കൂലിപ്പണം വഴിതിരിച്ചു കൊണ്ടുപോകുന്നതിനു വഴിയൊരുക്കിയെന്ന് ആദായനികുതി വകുപ്പില്‍നിന്നും ലഭിച്ച തെളിവ് സി.ബി.ഐയുടെ പക്കലുണ്ടായിരുന്നു. 2011 മാര്‍ച്ച് 29-ാം തീയതി, ഡി.ബി-എറ്റിസലാറ്റ് ഗ്രൂപ്പിന്റെ അറസ്റ്റു ചെയ്യപ്പെട്ട മുന്‍ മാനേജിങ് ഡയറക്ടര്‍ ഷഹിദ് ബല്‍വയുടെ അനുജന് അസിഫ് ബല്‍വയെയും രാജീവ് അഗര്‍വാളിനെയും ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) വകയായ കലൈഞ്ജര്‍ ടി.വി ചാനലിന് പണം മാറ്റിയതില്‍ പങ്കുണ്ടെന്നുള്ള ആരോപണത്തിന്റെ പേരില്‍, ഡല്‍ഹിയില്‍ വെച്ച് സി.ബി.ഐ. അറസ്റ്റു ചെയ്തു.
ഒമ്പതു വ്യക്തികളുടെയും മൂന്ന് കമ്പനികളുടെയും പേരെടുത്തു പറഞ്ഞിട്ടുള്ള, 2 ജി സ്പെക്ട്രം അഴിമതി കേസിലെ 80,000 പേരുള്ള പ്രഥമ കുറ്റപത്രം ഡല്‍ഹിയിലെ പ്രത്യേക കോടതി മുന്‍പാകെ 2011 ഏപ്രില്‍ 2 ന് സി.ബി.ഐ. സമര്‍പ്പിച്ചു. കുറ്റാരോപിതരുടെ തെറ്റായ പ്രവൃത്തികള്‍ ഗവണ്മെന്റ് ഖജനാവിന്, കിട്ടേണ്ടിയിരുന്ന 30,985 കോടി രൂപ നഷ്ടപ്പെടുത്തി എന്ന് അതില്‍ പറയുന്നു.
അറസ്റ്റു ചെയ്യപ്പെട്ട മുന്‍ ടെലികോം മന്ത്രി എ. രാജ, അറസ്റ്റിലായ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹുറ, എ. രാജയുടെ അറസ്റ്റിലായ പേഴ്സനല്‍ സെക്രട്ടറി ആര്.കെ. ചന്ദോലിയ, സ്വാന് ടെലികോമിന്റെ (ഇപ്പോള്‍ എറ്റിസലാറ്റ്-ഡി.ബി.) അറസ്റ്റിലായ മുന്‍ ഡയറക്ടര്‍ ഷഹിദ് ഉസ്മാന് ബല്‍വ, യൂണിടെക് ലിമിറ്റഡിന്റെയും യൂണിടെക് വയര്‍ലെസ്സിന്റെയും മാനേജിങ് ഡയറക്ടര്‍ സഞ്ജയ് ചന്ദ്ര, റിലയന്‍സ് അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ ഗ്രൂപ്പ് എം.ഡി ഗൗതം ദോഷി, റിലയന്‍സ് അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഹരി നായര്‍, റിലയന്‍സ് അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെയും റിലയന്‍സ് ടെലികോം ലിമിറ്റഡിന്റെയും സീനിയര്‍ വൈസ് പ്രസിഡന്റ് സുരേന്ദ്ര പിപാര, സ്വാന് ടെലികോമിന്റെ ഡയറക്ടറും, ഡി.ബി. റിയാല്‍റ്റിയുടെ മാനേജിങ് ഡയറക്ടറുമായ വിനോദ് ഗോയങ്ക എന്നിവരെല്ലാം കുറ്റാരോപിതരില്‍ ഉള്‍പ്പെടുന്നു. അതില്‍ പറഞ്ഞിട്ടുള്ള മൂന്നു കമ്പനികള്‍ സ്വാന് ടെലികോം, യൂണിടെക് വയര്‍ലെസ്, റിലയന്‍സ് ടെലികോം എന്നിവയാണ്. ആദ്യത്തെ കുറ്റപത്രത്തില്‍ ഉപജാപകയായ നീര റാഡിയയെയും മറ്റു 124 പേരെയും സാക്ഷികളായി പേരെടുത്തു പറഞ്ഞിട്ടുണ്ട്.
ആദര്‍ശ് ഹൗസിങ് സൊസൈറ്റി അഴിമതി
മുംബൈ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോപ്പറേറ്റീവ് സൊസൈറ്റിയാണ് ആദര്‍ശ് ഹൗസിങ് സൊസൈറ്റി. യുദ്ധത്തില്‍ മരിച്ച ഭടന്മാരുടെ വിധവകള്‍ക്കും കാര്‍ഗില്‍ യുദ്ധത്തിലെ സേനാനികള്ക്കുമായി പ്രത്യേകം നീക്കിവെച്ചിട്ടുള്ളതായിരുന്നു അത്. ആദര്‍ശ് സൊസൈറ്റി വക കെട്ടിട നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളില്‍ നിയമലംഘനങ്ങളുണ്ടായിട്ടുണ്ടെന്ന വിവരം 2010-ല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പൊതുസമൂഹത്തെ അറിയിച്ചു. കെട്ടിടത്തിലെ അപ്പാര്‍ട്ട്മെന്റുകള്‍ ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, കാര്‍ഗില്‍ യുദ്ധത്തില്‍ യാതൊരു പങ്കുമില്ലാത്തവര്ക്കും അനുവദിച്ചതുമായി ബന്ധപ്പെട്ട് അവ അനുവദിക്കുന്നതിനെക്കുറിച്ചും ആദര്‍ശ് സൊസൈറ്റിയുടെ കെട്ടിടം നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ടും ചോദ്യങ്ങളുയര്‍ന്നു.
ഇന്ത്യന്‍ പ്രതിരോധ സേനാവിഭാഗങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ട തീരമേഖലയായി കരുതുന്ന മുംബൈയിലെ കൊളാബ എന്ന മോടിയാര്‍ന്ന പ്രദേശത്താണ് ആദര്‍ശ് സൊസൈറ്റിയുടെ കെട്ടിടം നിര്‍മിക്കപ്പെട്ടത്. അവിടെ നിരവധി ഇന്ത്യന്‍ പ്രതിരോധസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമങ്ങള്‍ സൊസൈറ്റി കാറ്റില്‍ പറത്തിയെന്നും ആരോപണമുയര്‍ന്നു. കുറെക്കാലമായി ഈ അഴിമതി പുറത്തുകൊണ്ടുവരാനായി മേധാപട്കറെ പോലുള്ള നിരവധി സാമൂഹികപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഈ അഴിമതിക്കാര്യത്തില്‍ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, കെട്ടിടനിര്‍മാതാക്കളും തമ്മിലുള്ള കുപ്രസിദ്ധമായ അവിശുദ്ധബന്ധത്തെ തുറന്നുകാട്ടുന്നത്, മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കുമെന്നു പറയപ്പെടുന്നു. ഈ സംഭവം അന്നത്തെ മുഖ്യമന്ത്രി അശോക് ചവാന്റെ രാജിയിലേക്കു നയിച്ചു.
ക്രമക്കേടുകളെക്കുറിച്ചന്വേഷിക്കുന്നതിനായി ആര്‍മിയും ഗവണ്മെന്റും നിരവധി ഉത്തരവുകളിറക്കി. ആദര്‍ശ് കോപ്പറേറ്റീവ് സൊസൈറ്റി ഫ്ലറ്റുകളില്‍ ഇപ്പോള്‍ താമസിക്കുന്ന ചിലയാളുകള്‍, തങ്ങള്‍ സ്വാധീനിച്ചോ സഹായം നേടിയോ ആണ് ഫ്ലറ്റുകള്‍ നേടിയതെന്ന ആരോപണം നിഷേധിച്ചുകൊണ്ടുതന്നെ തങ്ങളുടെ ഫ്ലറ്റുകള്‍ ഒഴിയാന്‍ സന്നദ്ധത കാണിച്ചു.
നിയമം ലംഘിച്ചാണ് സൊസൈറ്റി കെട്ടിടം നിര്‍മിച്ചതെന്നുള്ളതും അവര്‍ നിഷേധിച്ചു. പ്രദീപ് വ്യാസ് എന്ന ഉദ്യോഗസ്ഥന് മൂലം ലോകസഭ തെറ്റിദ്ധരിക്കപ്പെട്ടു എന്നും മാധ്യമങ്ങള്‍ പുറത്തറിയിച്ചു.
2011 ജനവരി 16-ാം തീയതി വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുപ്രകാരം അനധികൃതമായി നിര്‍മിക്കപ്പെട്ടിട്ടുള്ള കെട്ടിടസമുച്ചയം അപ്പാടെ പൊളിച്ചുനീക്കി ആ പ്രദേശം അതിന്റെ പൂര്‍വസ്ഥിതിയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു.
(അണ്ണ ഹസാരെ: അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഇന്ത്യന്‍ മുഖം എന്ന പുസ്തകത്തില്‍ നിന്ന്)
ഇന്ത്യ എന്ന അഴിമതി രാജ്യം !!!
ReplyDeleteവായിക്കൂ ,പ്രചരിപ്പിക്കൂ , അഴിമതി വിരുദ്ധ മുന്നേറ്റത്തില്‍ പങ്കാളികളാവൂ !
ഈ കള്ളന്മാരെയെല്ലാം തല്ലിക്കൊല്ലണ്ട കാലം പണ്ടേ കഴിഞ്ഞു. അഴിമതിരഹിത വിപ്ലവം വിജയിക്കട്ടെ!
ReplyDeleteഅഴിമതി മുക്തമായ ഒരു ഇന്ത്യയെ നമ്മൾ വാർത്തെടുക്കണം
ReplyDeleteഅഴിമതി മുക്തമായ ഒരു ഇന്ത്യയെ നമ്മൾ വാർത്തെടുക്കണം
ReplyDeleteഅഴിമതി മുക്തമായ ഒരു ഇന്ത്യയെ നമ്മൾ വാർത്തെടുക്കണം അതിനായി ജനങ്ങൾ നിലവിലുള്ള സംവിധാനങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കണം
ReplyDelete